പാൽ പോലെ പതഞ്ഞൊഴുകി പനംകുടന്ത- Kerala's KUTTALAM -Ranny - waterfalls Tourism Circuit











 


പാൽ വെള്ളം പോലെ പതഞ്ഞൊഴുകുന്ന പനംകുടന്ത അരുവി


അത്തിക്കയം പാലം കടന്ന് ഇടത് തിരിഞ്ഞാൽ കുടമുരുട്ടി വഴി മുൻപോട്ടുള്ള വഴിയിൽ പെരുന്തേനരുവി ഡാം  കണ്ട് പാലം കടന്നു കുരമ്പൻമൂഴി പിന്നിട്ട് വന്യമായ വിജനമായ വഴിയിലൂടെ പനംകുടന്ത അരുവി ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുമ്പോൾ രണ്ടു വഴിക്ക് എത്തിച്ചേരാവുന്ന രണ്ടായി വഴി പിരിയുന്ന ഒരു ചെറു മാടക്കടയുടെ ഇടതുവശത്തു കൂടി പോയാൽ വെള്ളച്ചാട്ടം തുടങ്ങുന്നതിന്റെ അരകിലോമീറ്റർ അടുത്ത് വരെ എത്തിച്ചേരാം.

വാഹനം ഒതുക്കി വണ്ടിയിൽ നിന്നിറങ്ങി ഏകദേശം അര കിലോമീറ്റർ ഉള്ളിൽ നടന്നു മാത്രം എത്തിച്ചേരാവുന്ന പ്രകൃതി അണിയിച്ചൊരുക്കിയ വസന്തമാണ് പനംകുടന്ത.

 പലതട്ടായി തട്ടുകളുടെ എണ്ണം കൃത്യമായി പറയാൻ സാധിക്കാത്ത വിധത്തിൽ ഒരു കിലോമീറ്റർ ദൂരമുള്ള പനംകുടന്ത അരുവിയുടെ തുടക്കത്തിൽ എത്തിച്ചേരുമ്പോൾ ലഭിക്കുന്ന പറഞ്ഞറിയിക്കാനാവാത്തതാണ്.

 പ്രതീക്ഷയിൽ കവിഞ്ഞ ചെങ്കുത്തായ പാറയിലെ പാൽപതഞ്ഞ പോലെ താഴേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടം ഒപ്പം പച്ചപ്പട്ടണിഞ്ഞ ഇരുവശത്തെ ചുറ്റുപാടുകൾ ഒക്കെ ഹൃദയഹാരിയാണ്.

അരുവിയുടെ തുടക്കം തന്നെ പ്രതീക്ഷകൾക്കപ്പുറത്തെ കാഴ്ചകളുടെ നിറവസന്തം തുറന്നുവെക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

 വിശാലമായ വിസ്തൃതമായ ഒരു കിലോമീറ്റർ ദൂരമുള്ള വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള ദൂരക്കാഴ്ച സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അസാധാരണമായ അപൂർവ നിമിഷങ്ങളാണ്.

വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിൽ കാടും മേടും താണ്ടി പുല്ലുകൾ വകഞ്ഞു മാറ്റി പാറക്കൂട്ടങ്ങളിൽ ഏന്തി വലിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം കാതുകളിൽ ആർത്തലച്ചെത്തുന്ന ആദ്യ തട്ടിൽ എത്തുമ്പോൾ വഴുക്കൽ ഇല്ലാത്ത സമയത്ത് അവിടെ ജാഗ്രതയോടെ ഇറങ്ങിയാൽ മുകളിൽ ശക്തമായി ഒഴുകിയിറങ്ങുന്ന വെള്ളവും താഴെ അഗാധമായ ഗർത്തവും ഇതിന് നടുവിൽ നിൽക്കുന്ന സമ്മിശ്ര അനുഭൂതിയാണ് പനംകുടന്ത അരുവിയുടെ  തുടക്കത്തിൽ ലഭിക്കുന്നത്.

പനംകുടന്ത അരുവിയുടെ അടിവാരത്തിൽ ആദ്യത്തട്ടിൽ കുറെയേറെ നേരം സമയം ചെലവഴിക്കുവാനും വെള്ളം തട്ടിത്തെറിപ്പിക്കുവാനും പാറക്കെട്ടുകൾ  അങ്ങിങ്ങായി ഇറങ്ങി  സന്ധ്യ മയങ്ങി തുടങ്ങിയത് അറിഞ്ഞില്ല.

ഒറ്റ ശ്വാസത്തിന് കിഴുക്കാം തൂക്കായ പാറക്കെട്ടുകൾ  താണ്ടിയെത്തിയ ക്ഷീണം മറികടക്കാൻ തുടക്കത്തിൽ വിശ്രമിക്കാൻ പറ്റിയ ഇടമാണ് പനംകുടന്ത  വെള്ളച്ചാട്ടത്തിന്റെ ആദ്യഘട്ടം.

വാഹനം നിർത്തി ഇറങ്ങിയപ്പോൾ അവിടെ കണ്ട സമീപവാസിയായ ബിനു വിജയൻ ഞങ്ങളുടെ ഭാഗ്യത്തിന് കാര്യങ്ങൾ ചോദിച്ചറിയാനും കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന പ്രതീക്ഷയിൽ കൂടെ വരുമോ എന്ന് ചോദിച്ചപ്പോൾ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്ന രീതിയിൽ അനുകൂലമായി പ്രതികരിച്ച ബിനു വിജയൻ ഞങ്ങളോടൊപ്പം വഴികാട്ടിയായി മുന്നിൽ നിന്ന് കാടും മേടും പാറക്കെട്ടുകളും താണ്ടി പനംകുടന്ത അരുവിയുടെ ആദ്യഘട്ടത്തിൽ എത്തിച്ചേർന്നപ്പോൾ മതിമറന്ന സന്തോഷത്തിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങി വെള്ളം തട്ടിത്തെറിപ്പിക്കുവാൻ ആവേശമായി.

മതിയാവോളം വെള്ളത്തിൽ ഇറങ്ങി തണുപ്പിന്റെ കുളിർമ നുകർന്ന് വീണ്ടും അരുവിയുടെ കുത്തനെയുള്ള വെള്ളച്ചാട്ടം ഒരല്പം മുകളിൽ നിന്ന് കാണാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ വഴക്കലുള്ള പാറ ആയതുകൊണ്ട് വളരെ കുറച്ച് മുന്നോട്ട് നീങ്ങി വീണ്ടും മലകയറാൻ തുടങ്ങി.

മരങ്ങളുടെ ചില്ലകൾ കൊണ്ട് താഴെ നിന്ന് നോക്കിയാൽ മുകളിലുള്ള തട്ട് തട്ടായുള്ള വെള്ളച്ചാട്ടം ശരിക്ക് കാണാൻ സാധിക്കാത്തതിനാൽ ഒരല്പം പാറയിൽ കൂടി വലിഞ്ഞു കേറി ക്യാമറയിൽ പതിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ഞങ്ങളെ സഹായിക്കാൻ സമീപവാസി ബിനു വിജയൻ ഒരല്പം മടി കാണിച്ചു എങ്കിലും നിരാശപ്പെടുത്തിയില്ല.


വന്ന വഴിയിൽ നിന്നും ഒരല്പം വഴി മാറി മുകളിലേക്ക് കുത്തനെയുള്ള കയറ്റം  വാറ്റ്പ്പുല്ലുകൾ വകഞ്ഞുമാറ്റി അടുത്ത തട്ട് കൃത്യമായി കാണാൻ സാധിക്കുന്ന ഒരിടത്ത് ഞങ്ങൾ എത്തി. വാറ്റുപുല്ലുകളുടെ സുഗന്ധം എടുത്തു പറയേണ്ടതാണ്.

  വാറ്റുപുല്ലുകൾ തഴുകി വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോൾ ലഭിക്കുന്ന ഗന്ധം പനംകുടന്തയെ കൂടുതൽ പരിമളമാക്കുന്നു.


അവിടെനിന്ന് മതിവരുവോളം പതഞ്ഞൊഴുകി വരുന്ന പനംകുടന്ത അരുവിയുടെ പരിമളം മീറ്റർ കണക്കിന് അകലെ ആണെങ്കിലും ശരിക്കും കാണുവാൻ സാധിച്ചു.

വൈകിയ സമയമായതുകൊണ്ടും ഇരുട്ട് വീഴാൻ നേരമായതുകൊണ്ടും വിജനമായ സ്ഥലത്ത് അധികനേരം നിൽക്കുവാൻ മനസ്സ് അനുവദിക്കാത്തതിനാൽ മനസ്സില്ല മനസ്സോടെ

കയറിപ്പോയത് ആവേശത്തിൽ തിരികെ ഇറങ്ങുവാൻ സാധിക്കാതെ

നിരങ്ങി പാറയിൽ കൂടി ഒരു വിധത്തിൽ തിരിച്ച് ആദ്യഘട്ടത്തിൽ എത്തിയെടുത്ത് എത്തിയപ്പോൾ അതേ വഴിക്ക് തിരിച്ചു പോകാതെ മറ്റൊരു റൂട്ടിൽ താഴേക്ക് ഇറങ്ങി വാഹനം പാർക്ക് ചെയ്ത സ്ഥലത്ത് ഒരുവിധം നടന്നെത്തി.

മൂന്നു വയസ്സുള്ള കുട്ടികളുമായി എത്തിയ ഞങ്ങൾക്ക് അയൽവാസികളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി കുട്ടികളെ കൊണ്ടുപോകാൻ നിർവാഹമില്ലാത്തതിനാൽ വാഹനത്തിൽ നിന്ന് ഇറങ്ങി അവിടെ  കാത്തിരുന്ന ഞങ്ങളെ തിരികെ വരുന്നത് കാണാൻ  വഴിക്കണ്ണുമായി നോക്കിയിരിക്കുന്നത് ശരിക്കും മനസ്സുനിറച്ച കാഴ്ചയാണ്.


കേരളത്തിൻറെ കുറ്റാലമായി ഭാവിയിൽ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായി പ്രകൃതിദത്തമായ  പനംകുടന്ത അരുവി മനുഷ്യനിർമ്മിതമായ കുറ്റാലത്തിനും മേലെ വികസന പാതയിൽ പുതുചരിത്രം എഴുതുവാൻ സഹായകമായ രീതിയിൽ റോപ് വേ, ആകാശ സൈക്കിൾ ഉൾപ്പെടെ വിനോദ ഉപാധികൾ ഏർപ്പെടുത്തി പ്രസിദ്ധമായ വിനോദ വിജ്ഞാന കേന്ദ്രമായി ഭാവിയുടെ വാഗ്ദാനമായി പനംകുടന്ത അരുവി ജനപ്രതിനിധികൾ മനസ്സുവെച്ചാൽ അടിമുടി മാറും എന്നതിൽ സംശയമില്ല.

തമിഴ്നാട്ടിലെ കുറ്റാലം

മനുഷ്യനിർമ്മിതമാണെങ്കിൽ

കേരളത്തിൻറെ കുറ്റാലമായി മാറുവാൻ പോകുന്ന പനംകുടന്ത പ്രകൃതി നിർമ്മിതമായ  വിസ്മയ കാഴ്ച ഒളിപ്പിച്ചു വെച്ചാണ് സഞ്ചാരികളെ  കാത്തിരിക്കുന്നത്.

പ്രകൃതിയുടെ മടിത്തട്ടിൽ വെള്ളച്ചാട്ടത്തിന്റെ പ്രകമ്പനം കൊള്ളിച്ച് ഇരുവശവും പച്ചപ്പട്ട് വിരിച്ച പാറക്കൂട്ടങ്ങളുടെ വിരിമാറിലൂടെ പാൽ പതഞ്ഞിറങ്ങുന്ന വെള്ളം ഒരു കിലോമീറ്ററിലധികം  കുത്തനെ താഴോട്ട് പതിക്കുന്ന അപൂർവ കാഴ്ച ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.

ഇതുപോലെ ഒരു വെള്ളച്ചാട്ടം റാന്നി മണ്ഡലത്തിൽ അല്ലാതെ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ എന്നത് സംശയാസ്പദമാണ്.

പെരുമഴ ശക്തിയായി പെയ്താൽ മുങ്ങുന്ന കുരമ്പൻമൂഴി കോസ്‌വേയുടെ സമീപത്തുള്ള  പനംകുടന്ത അനന്യ പ്രതിഭാസമാണ്.

ഈ വെക്കേഷൻ കാലത്ത് ഭാര്യവീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെ എത്തിച്ചേരുന്ന ഈ വഴി തെരഞ്ഞെടുത്തപ്പോൾ ഒട്ടും നിരാശപ്പെടുത്താതെ തിരികെ വെച്ചൂച്ചിറക്ക് തിരിയുന്ന വഴിയിൽ മണ്ണടിശ്ശാല മടന്തമണ്ണ് വഴി അത്തിക്കയത്ത് എത്തുന്ന മറ്റൊരു റൂട്ടിൽ എത്തിയതു ഇതിലെ ഇരുവഴിക്കും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യപ്രദമായ  റൂട്ടാണ്.

കേരള ടൂറിസം വകുപ്പിന്റെ വിനോദസഞ്ചാര മാപ്പിൽ വിദൂര ഭാവിയിൽ തന്നെ ഇടം പിടിക്കുന്ന ഇടത്താവളമായി പനംകുടന്ത മാറും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ .  യാത്രയിൽ ഉടനീളം പരസ്പരം ഞങ്ങൾ പങ്കുവെച്ച ഒരേ വികാരം  പനംകുടന്ത കേരളത്തിൻറെ കുറ്റാലമായി മാറുന്നതിന് ഇനി കാലതാമസം ഉണ്ടാവില്ല എന്നതാണ്.


Comments

Popular posts from this blog

KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച

പാവങ്ങളുടെ തേക്കടി - റാന്നിയിൽ