KSRTC Budget Tour-Malarikkal ആമ്പൽ പുലർ കാഴ്ച
KSRTC Budget Tour- Thiruvalla BTC " Best Kanna Best"
Malarikkal Via Areekkal
അങ്ങനെയൊരു അവധിക്കാലത്ത് കഴിഞ്ഞ വെക്കേഷനിൽ
പെരുമഴക്കാലത്തെ മഴയാത്ര ആസ്വദിക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തത് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം തിരുവല്ലയിൽ നിന്നും ഏർപ്പെടുത്തിയ ആയിരം ഏക്കറോളം നീണ്ടു പരന്ന കിടക്കുന്ന ആമ്പൽ വസന്തം പൂത്തുലഞ്ഞു കിടക്കുന്ന മലരിക്കൽ അതിരാവിലെ സൂര്യനുദിക്കുന്നതിനു മുമ്പ് കാണാൻ ഒരു പരീക്ഷണം മനസ്സിൽ തങ്ങി നിൽക്കുന്ന പൂക്കാലം ഓർമ്മയിൽ കുളിരുള്ള വസന്തമായി പരിലസിക്കുന്നു
തലേദിവസം തന്നെ ടാറ്റാ ഉടുപ്പും ടാറ്റാ ചെരുപ്പും അണിയിച്ച ഉറങ്ങാൻ കിടന്ന ഇരട്ടക്കുരുന്നുകളെ അതിരാവിലെ അലാറം വെച്ച് കിടക്കപ്പായയിൽ നിന്നും സുഖകരമായ ഉറക്കം ശല്യപ്പെടുത്താതെ വാരി എടുത്ത് റാന്നിയിൽ നിന്നും തിരുവല്ലയിലേക്ക് ഉറക്കച്ചടവൊക്കെ വിട്ടൊഴിഞ്ഞ ഒരു കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച് ആവേശത്തോടെ വാഹനം ഓടിച്ച് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെട്ടിടത്തിന്റെ അടിവാരത്തിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് ഓടിപ്പിടിച്ച് ഒരു വിധം സമയത്തിന് പുറപ്പെടാൻ തയ്യാറായി കാത്തുനിൽക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ബസ് ഞങ്ങളെ കണ്ട മാത്രയിൽ ബുക്കിംഗ് ലിസ്റ്റിലെ അവസാന യാത്രക്കാരും എത്തി എന്ന് കണ്ടപ്പോൾ
കണ്ടക്ടർ " രാജേഷ് " ഡബിൾ ബെല്ലിന് മണി മുഴക്കി.
രണ്ടു പേർക്ക് കഷ്ടി ഇരിക്കാവുന്ന ഡ്രൈവറുടെ മറുവശത്തുള്ള മുൻവശത്തെ സീറ്റിൽ ഞങ്ങൾക്കായി സീറ്റ് തയ്യാറായി ചൂണ്ടിക്കാണിച്ചു തന്നപ്പോൾ മറുവശത്ത് മൂന്നു സീറ്റുള്ള വരിയിൽ കുട്ടികളോടൊപ്പം കുറച്ചുകൂടി സൗകര്യപ്രദമായിരുന്നോട്ടെ എന്ന ഒരു മയത്തിലുള്ള മണിയടി ചോദ്യത്തിന് കണ്ടക്ടർ അനുകൂലമായി വീണ്ടും മണിമുഴക്കിയപ്പോൾ അത് വരാനിരിക്കുന്ന സൗഹൃദത്തിൻറെ സൗമ്യമായ പെരുമാറ്റത്തിന്റെ തുടക്കം ആണെന്ന് ഒട്ടും വിചാരിച്ചതേയില്ലാ.
റാന്നിയിൽ നിന്നും മറ്റൊരു നാട്ടുകാരൻ അടുത്ത ചങ്ങാതി പ്രവാസി ആയ ജസ്റ്റിൻ ചാരംകുഴി മനസ്സറിഞ്ഞ് സമയോചിതമായി നൽകിയ വാഹനത്തിൽ കുടുംബത്തെ ഒന്നാകെ കയറ്റി സ്വയം ഡ്രൈവ് ചെയ്തു തിരുവല്ലയിലെത്തി ഡിപ്പോയിൽ കാത്തു കിടന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ബസ്സിൽ കയറിയതിനു ശേഷവും തുടർന്ന മഴയ്ക്ക് ഒരു ശമനവും കാണാത്തതിനാൽ ബസ്സിന്റെ ഷട്ടർ അടച്ചിട്ടാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.
ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന മലരിക്കൽ എത്താറായപ്പോൾ ഇരുവശത്തെ പാടവരമ്പത്തെ നടുവിൽ കൂടിയുള്ള ബസ് യാത്ര ഇരുവഴിക്കും നോക്കത്താ ദൂരത്തോളം കണ്ണുംനട്ട് ഇരിക്കാവുന്ന വെളുപ്പാൻകാല കാഴ്ച സൂര്യനുദിക്കുവാൻ തുടങ്ങുന്നതിനു മുമ്പുള്ളത് കാണാനായി മഴ വകവയ്ക്കാതെ ഷട്ടറുകൾ തുറന്ന് വെള്ളം നിറച്ചു തുളുമ്പി നിൽക്കുന്ന വിശാലമായ പാടശേഖരത്തെ കാഴ്ചകളുടെ ലോകത്തേക്ക് കണ്ണും തുറന്നു ഇരിപ്പായി.
ഒരു കുഞ്ഞൻ പാലം കയറിയിറങ്ങി പാർക്കിങ്ങിന് സ്ഥലം കിട്ടിയ തക്കത്തിന് ഡ്രൈവർ വണ്ടി പാർക്ക് ചെയ്തു ഞങ്ങളെ മലരിക്കൽ കാണാനായി ബോട്ട് യാത്ര തുടങ്ങുന്ന സ്ഥലത്തേക്ക് പോകാൻ ഒരു വശത്തേക്ക് വണ്ടി ഒതുക്കി തന്നു. അവിടെ ഇറങ്ങി ബോട്ടിലേക്ക് കേറുന്നതിനു മുമ്പ് മഴയുടെ രൗദ്രഭാവം വീണ്ടും അതിൻറെ ശക്തി ആവാഹിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മഴക്കോട്ടുകൾ വിൽക്കുന്ന നാട്ടുകാരുടെ കയ്യിൽ നിന്നും ഞങ്ങൾ അത് വാങ്ങി ഒരു വിധത്തിൽ നീളം കൂടുതലും കുറവും ഒപ്പിച്ച് എടുത്ത് കുട്ടികളെയും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞെടുത്ത പരുവത്തിൽ ചെറിയ മോട്ടോർ പഠിപ്പിച്ച കൊതുമ്പു വള്ളം പോലെ സമാനമായ ചെറു ബോട്ടുകളാണ് യാത്രയ്ക്കായി ഒരുങ്ങി മലരിക്കൽ ആമ്പൽ വെയിൽ വീണ് കൂമ്പുന്നതിനു മുമ്പ് കാണാനെത്തുന്നവരെ കാത്തിരിക്കുന്നത്.
കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒരുവിധം ഒരു കുഞ്ഞൻ ബോട്ടിൽ ഞങ്ങളുടെ കുട്ടി കുറുമ്പുകളുമായി കയറിപ്പറ്റി. ഒരു വള്ളത്തിന് ആയിരം രൂപ എന്ന കണക്കിലാണ് അവിടെനിന്നും മലരിക്കൽ വസന്തം തീർക്കുന്ന കാഴ്ച കാണാൻ കൂട്ടമായി എത്തുന്നവരെ ഊഴം കാത്ത് കിടക്കുന്നത്.
ബോട്ട് യാത്ര തുടങ്ങിയതും വീണ്ടും മഴ കട്ട കലിപ്പിൽ അതിന്റെ അരിശം തീർക്കുന്ന രീതിയിൽ ചന്നം ചിന്നം പെയ്തൊഴിയാതെ തണുപ്പിന്റെ കുളിരിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
ഒരു മഴ നനയാതെ നനഞ്ഞ് പൊതിഞ്ഞു വെക്കാൻ പാകത്തിൽ കിട്ടിയ മഴക്കോട്ടിന്റെ പിൻബലത്തിൽ ഒരു കുടയുടെ മറവിൽ കഴിയാവുന്നത്ര നനയാതിരിക്കാൻ ശ്രമിച്ചു എങ്കിലും കാറ്റിൻറെ ശക്തിക്ക് അനുസരിച്ച് മഴയുടെ ഗതിയും മാറുന്നത് നനു നനുത്ത തണുപ്പിന്റെ കാഠിന്യം കൂട്ടിയതേയുള്ളൂ.
വെള്ളം കയറ്റി അടുത്ത കൃഷി ഇറക്കുന്നതിന് മുമ്പുള്ള സമയത്തെ പാടം നിറഞ്ഞു കവിഞ്ഞങ്ങ് കിടക്കുന്നത് കാണാൻ എന്തൊരു ചന്തം .
പാടത്തിന് നടുവിൽ കൂടിയുള്ള ചെറു തോട്ടിലൂടെ ഇരുവശത്തിലൂടെയും ആമ്പൽ കാണാൻ പോകാനും തിരിച്ചും ബോട്ടുകളുടെ നിരനിരയായി വരിവരിയായി ഒന്നിന് പിറകെ ഒന്നായി ഒരു പ്രവാഹമാണ്.സൂര്യനുദിക്കുന്നതിന് മുമ്പ് എത്തിച്ചേരാൻ സാധിച്ചു എന്നുള്ളതും മഴയായതുകൊണ്ട് കൃത്യസമയത്ത് സൂര്യൻ അല്പം ഉദിക്കാൻ വൈകിയത് കൊണ്ടും കൃത്യസമയത്ത് എത്തിച്ചേരാൻ ഭാഗ്യമുണ്ടായി.
വെയിൽ ഉദിച്ച് ആമ്പൽ വാടുന്നതിനു മുമ്പ് കൺകുളിർക്കെ കാണാൻ സാധിച്ചത് കൊണ്ട് അതിരാവിലെ തുടങ്ങിയ യാത്രയ്ക്ക് നവോന്മേഷം പകർന്നു കിട്ടിയത് ഒരർത്ഥത്തിൽ നിമിത്തമായി.
വള്ളക്കാരന്റെ സമയോചിതമായ വാചാലത ഞങ്ങൾക്ക് ഹൃദ്യമായി തോന്നി.
അമ്പലത്തിന് അടുത്തായി വിശാലമായി പടർന്നു പന്തലിച്ചു കിടക്കുന്ന ആമ്പൽ കൂട്ടങ്ങളുടെ നടുവിൽ ബോട്ട് ഒന്ന് അടിപ്പിച്ചു.
വീണ്ടും ഞങ്ങളുടെ കുഞ്ഞുബോട്ടിന്റെ സാരഥി മലരിക്കൽ എന്ന നാടിൻറെ സാധ്യതയെ കുറിച്ച് വാതോരാതെ നടത്തിയ വാചാലമായ സംസാരം അതിരാവിലത്തെ സകല മടിയും മടുപ്പും എല്ലാം പമ്പ കടക്കാൻ മതിയാവോളം ആവേശം നിറച്ചു.
ആവശ്യത്തിലേറെ സമയം അവിടെ ചെലവഴിച്ച ശേഷം തിരികെ മടക്കയാത്ര വന്ന വഴിയിൽ കൂടി തന്നെ തിരിച്ച് വരുമ്പോൾ എതിർവശത്ത് കൂടി പല തരത്തിലുള്ള ബോട്ടിൽ പോകുന്നവരോട് അഭിവാദ്യം ചെയ്ത് പ്രത്യഭിവാദ്യം നൽകി പരസ്പരം സൗഹൃദം കൈമാറുന്ന മുൻപ് നേരിട്ട് അറിയപ്പെടാത്ത ആളുകളുടെ അവിചാരിതമായ ആശയവിനിമയം അമൂല്യമായ നിമിഷങ്ങളാണ് യാത്രയിൽ ഉടനീളം സമ്മാനിക്കുന്നത്.
തിരികെ ബോട്ട് ജെട്ടിയിൽ എത്തുമ്പോൾ ഏറ്റവും അവസാനം ബസ്സിൽ കയറാൻ എത്തിയതും ഞങ്ങൾ തന്നെയായിരുന്നു.
കണ്ടക്ടർ വീണ്ടും ഞങ്ങളെ കാണാതെ വന്നപ്പോൾ തിരഞ്ഞിറങ്ങിയതും വൈകിയത് കാരണം അടുത്ത സ്ഥലത്തേക്ക് പുറപ്പെടാൻ താമസിച്ചതിലുള്ള പരിഭവം ഒട്ടും പ്രകടിപ്പിച്ചില്ല എന്നുള്ളതും ഞങ്ങളെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.
വൈകിയതുകൊണ്ട് രാവിലത്തെ ഭക്ഷണം കഴിക്കുന്ന അവിടെയുള്ള ഒരേ ഒരു ഹോട്ടലിൽ കയറാതെയാണ് ഞങ്ങൾ തിരികെ ബസ്സിൽ കയറിയത്.
അവിടെയും കണ്ടക്ടർ കഴിച്ചോളൂ ഞങ്ങൾ കാത്തിരിക്കാം എന്ന് പറഞ്ഞപ്പോൾ ഒരു ബസ് മുഴുവൻ നിറച്ച് ആൾക്കാർ ഉള്ളതുകൊണ്ട് കയ്യിൽ കരുതിയിരുന്ന ലഘുഭക്ഷണവുമായി ഒരു വിധം കുട്ടികളെയും കൊണ്ട് ഞങ്ങൾ യാത്ര തുടർന്നപ്പോൾ കണ്ടക്ടർ പ്രകടിപ്പിച്ച നല്ല സമീപനം മനസ്സിൽ ഓർത്തിരിക്കാൻ നല്ല നിമിഷങ്ങളാണ് തുടർച്ചയായി സമ്മാനിച്ചത്.
മലരിക്കൽ വസന്തം കണ്ടതിന്റെ ആവേശത്തിൽ യാത്രക്കാർ ഉഷാറായി.
കൊട്ടും പാട്ടും താളവും മേളവുമായി കണ്ടക്ടർ തന്നെ തുടക്കമിട്ടപ്പോൾ
സഞ്ചാരികൾ എല്ലാവരും അതിന് കൂടെ ഓളത്തിന് ഒന്നിച്ചുകൂടി.
പാട്ടിനൊപ്പം കരോക്കെയും അകമ്പടിയായി കരുതിയപ്പോൾ ഓടുന്ന വണ്ടിയിലും ഒന്നിന് പുറകെ ഒന്നായി നൃത്തത്തിന് ഒരു സാധ്യത തുറന്നത് മടിച്ചു മടിച്ച് നിന്നവർ ഓരോരുത്തരായി ആടി തിമിർത്ത് മുന്നോട്ടുള്ള തുടർ യാത്ര ഗംഭീരമാക്കി.
തുടക്കത്തിലെ തണുപ്പൻ പ്രതികരണങ്ങൾ മാറി ഐസ് ബ്രേക്കിംഗ് കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഉഷാറായി മത്സരബുദ്ധിയോടെ എന്തിനും തയ്യാറായി നിലയുറപ്പിച്ചത് ആവേശം വർദ്ധിപ്പിച്ചതല്ലാതെ യാത്രയിൽ ഉടനീളം ഒരു കുറവും ഉണ്ടായില്ല.
ഞങ്ങളുടെ തുടർന്നുള്ള യാത്രയിലെ അടുത്ത യാത്രാ സ്ഥലം തൃപ്പൂണിത്തുറ ഹിൽ പാലസ് , കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം തുടങ്ങിയവ
മറ്റൊരു അധ്യായമായി എഴുതിച്ചേർക്കാം.
കണ്ടക്ടർ, ഡ്രൈവർ മാതൃകയായ ജീവനക്കാരുടെ ഹൃദ്യമായ സൗമ്യ പെരുമാറ്റം
കൂടുതൽ വിശേഷങ്ങൾ വീണ്ടും മറ്റൊരു അധ്യായവുമായി ഉടൻ.
Stay tune .....
Sunil Thomas Ranny
VERY NICE
ReplyDelete