Perunthenaruvi

 


പെരുന്തേനരുവി






റാന്നിയിൽ വരുമ്പോൾ ഓർമയിൽ എത്തുന്ന സ്ഥലമാണ് പെരുന്തേനരുവിഅത്തിക്കയം വഴി പെരുന്തേനരുവി വരുന്നവർക്ക് ഓഫ് റോഡ് സവാരി ഇന്നും മാറ്റമില്ലാതെ തുടരുന്നുപകുതി ദൂരം പിന്നിട്ടു കഴിഞ്ഞാൽ റോഡും ടാറിങ്ങും കാണാൻ പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടി ഒരുവിധം വണ്ടിയുടെ അടി തട്ടാതെ പെരുന്തേനരുവിയിൽ എത്തുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ ആടിയുലഞ്ഞ യാത്രയിൽ പാർക്കിംഗ് സൗകര്യം ലഭിക്കുന്നത്  ഒരാശ്വസമാണ്മഴക്കാലം കഴിഞ്ഞുള്ള യാത്ര തെരഞ്ഞെടുത്താൽ പെരുന്തേനരുവി ഗാംഭീര്യത്തോടെ നിറഞ്ഞു കുത്തിയൊഴുകുന്ന കാഴ്ച ആരിലും ആരവമുയർത്തും.






വേനൽക്കാലമായാൽ പെരുന്തേനരുവി വറ്റി വരണ്ടു കിടക്കുന്നതു കണ്ടാൽ സങ്കടം തോന്നും. ആർത്തലച്ചു ഒഴുകിയിരുന്ന അരുവിയിൽ ഡാം കെട്ടി വെള്ളം തടഞ്ഞു നിർത്തി ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞു തുറന്നു വിടുന്ന ജലം വീണ്ടും അരുവിയിലേക്കു എത്തുമ്പോൾ പഴയ പോലെ കാണാൻ ചന്തം ഇല്ല. അതുകൊണ്ടു മഴക്കാലത്തിനു ശേഷം അരുവി കാണാൻ ഇറങ്ങി തിരിച്ചാൽ മനസ്സിൽ നിറച്ചാർത്തായി പെരുന്തേനരുവി നൽകുന്ന പെരുത്ത സന്തോഷം അനുഭവിക്കാം. തെന്നി കിടക്കുന്ന പാറക്കെട്ടുകളിൽ സ്വയം സൂക്ഷിച്ചു  സുരക്ഷിതമായി കാഴ്ച കാണാൻ ശ്രദ്ധിക്കണം. തട്ടുകളായ പറയിടുക്കിൽ കൂടി കുതിച്ചു പായുന്ന വെള്ളത്തിന്റെ ഹുങ്കാര ശബ്ദവും പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ നിറവും കണ്ടു പരിസരം മറന്നു നിന്ന് പോകുന്ന അനുഭൂതി പറഞ്ഞു ഫലിപ്പിക്കുന്നതു എളുപ്പമല്ല.  ആവേശം കൂടുമ്പോൾ പാറയിൽ വഴുക്കൽ സാധ്യത ഉള്ളതിനാൽ  വെള്ളത്തിൽ ഇറങ്ങാൻ തുനിയാതെ സ്ഥലം ചുറ്റിയടിച്ചു കാണുന്നതാണ് അഭികാമ്യം.

പായൽ പിടിച്ചു കിടക്കുന്ന പാറയിൽ നമ്മളറിയാതെ തെന്നി വീഴാൻ ഉള്ള സാധ്യത നിസാരമായി കാണാതിരുന്നാൽ യാത്ര ആസ്വദിക്കാം.  നദിക്കു കുറുകെയുള്ള പാലത്തിന്റെ ഇരുകരയിലും കാണാൻ എത്തുന്നവരുടെ മനസ് കുളിർപ്പിക്കുന്ന കാനന ഭംഗി തുളുമ്പുന്ന കാഴ്ചകൾ മതിയാവോളം കണ്ടു മടങ്ങാം.




മറുകരയിൽ സഞ്ചാരികളെ ആകർഷിക്കാൻ വിനോദ സൗകര്യം ഒരുക്കിയത് തുടക്കത്തിലേ ആവേശം മാത്രമായി ഒതുങ്ങാതെ  മെച്ചപ്പെട്ട പരിപാലനവും കൂടുതൽ അനുബന്ധ സംവിധാനങ്ങളും വൈവിധ്യമാർന്ന രീതിയിൽ ഒരുക്കി ഒരിക്കൽ എത്തുന്ന സഞ്ചാരികളെ വീണ്ടും സന്ദർശിക്കാൻ കഴിയുന്ന നിലയിലേക്ക് തുടർ പ്രവർത്തനങ്ങൾ ആകർഷകമാകണം.  പരിമിതമായ വരുമാന സാധ്യതകൾ വർധിപ്പിച്ചു സമീപ പ്രദേശങ്ങളെ  ചെയിൻ ടൂറിസം വഴി പരസ്പരം ബന്ധപ്പെടുത്തി കാനനസൗന്ദര്യം ഒപ്പിയെടുക്കാൻ  ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന യാത്രയിൽ മതിയാകാതെ വന്നാൽ പ്രകൃതിയോട് ചേർന്ന് തങ്ങാനും ഭാവിയിൽ  മികച്ച വഴി തെളിയുമെന്നു കരുതാം.

 വന്ന വഴി തിരികെ മടങ്ങാൻ ഇനി വീണ്ടും ഒരു ഓഫ് റോഡ് പരീക്ഷണത്തിന് നില്കാതെ പാലം കയറി മറുവഴിയുള്ള റോഡ് തെരഞ്ഞെടുത്തു. . റോഡ് ആണെന്നു തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഉഴുതു മറിഞ്ഞു കിടക്കുന്ന  വഴി  തിരികെ വരാൻ ത്രാണിയില്ലാതെ  മുൻപ് പരിചയമില്ലാത്ത റൂട്ടിൽ രണ്ടും കല്പിച്ചു വണ്ടി മുന്നോട്ടെടുത്തു.   അല്പം വളഞ്ഞ വഴിയിൽ കൂടി കൂടുതൽ സഞ്ചരിക്കണമെന്നത് മാത്രമാണ് പ്രയാസമായി തോന്നിയത്. വഴി ഏതായാലും യാത്ര ആരംഭിച്ച അത്തിക്കയത്തു തന്നെ പോയത് പോലെ  രണ്ടു വഴികളും തിരിച്ചു കൂട്ടിമുട്ടും എന്ന് ഓർത്തപ്പോൾ ആശ്വാസവും തോന്നി.

പെരുന്തേനരുവി പാലം കടന്നു മുക്കൂട്ടുതറ റോഡിൽ മുൻപോട്ടു പോയി  വെച്ചൂച്ചിറ, പരുവ  എത്തി  തിരിഞ്ഞു  മടന്തമൺ വഴി അത്തിക്കയം കണ്ടു തുടങ്ങിയപ്പോൾ ശ്വാസം നേരെ വീണു. പേമരുതിയിൽ നിന്ന് പെരുന്തേനരുവിക്കു അത്തിക്കയം, തോണിക്കടവ്, കുടമുരുട്ടി വഴി പോയ വഴിയെക്കാൾ ദൂരക്കൂടുതൽ തോന്നിച്ച തിരിച്ചു വന്ന വഴി സമയം എടുത്തെങ്കിലും കാടും മേടും ഹരിതാഭ നിറഞ്ഞ ഇടുങ്ങിയ റോഡിനിരുവശവും തിങ്ങി നിറഞ്ഞ  ഗ്രാമീണ ഭംഗി  ഞങ്ങളെ നിരാശരാക്കിയില്ല.  ദൂരക്കൂടുതൽ ഉള്ള മറുകര വഴി സൂചനാബോർഡുകൾ    നോക്കിയും വിജനമായ  വഴിവക്കിൽ വിരളമായി കണ്ടവരോടു  ചോദിച്ചും പറഞ്ഞും അത്തിക്കയം റൂട്ടിൽ തിരികെ എത്തിയപ്പോൾ സമാധാനമായി.




അത്തിക്കയത്തു എത്തിയപാടെ ബസ് സ്റ്റാൻഡിനു സമീപം കണ്ട ചായക്കടയിൽ കയറി ഞങ്ങൾ ചായ കുടിക്കാൻ വണ്ടിയൊതുക്കി. കൂട്ടത്തിൽ നാലുമണി കടികൾ ഒരു പാത്രം നിറച്ചു മുൻപിൽ എത്തിയപ്പോൾ മുഴുവൻ തീർക്കാനുള്ളതാണ് എന്ന് വിചാരിച്ചു പാത്രം കാലിയാക്കാൻ തിടുക്കം കൂട്ടി.  പലതരം പലഹാരങ്ങൾ ഒരുമിച്ചു ഒരു പാത്രത്തിൽ കൂനകൂട്ടി മുന്നിലെത്തിയപ്പോൾ ആവേശം അടങ്ങാതെ പലഹാര പാത്രം ഒന്നൊന്നായി തീരുന്നതു അറിഞ്ഞില്ല. ചായ കുടി കഴിഞ്ഞപ്പോൾ പലഹാരക്കൂട്ടം പരമാവധി തീർത്തു തൃപ്തിയായി ചായക്കടയുടെ പടിയിറങ്ങി.  വണ്ടിയുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന ഓഫ് റോഡ് അനുഭവം അടുത്ത കാലത്തെങ്കിലും മാറികിട്ടുമെന്ന പ്രതീക്ഷയിൽ പെരുന്തേനരുവി സമ്മാനിച്ച ഓർമ്മയിൽ തിരിച്ചു വരുന്ന വഴിയിൽ ഭാര്യവീടായ പേമരുതിയിൽ എത്തി വീടണഞ്ഞു.

സുനിൽ തോമസ് റാന്നി



പ്രകൃതിയോട് ചേര്‍ന്ന് പെരുന്തേനരുവിയില്‍  

Read more at: https://www.mathrubhumi.com/travel/columns/what-all-you-can-explore-in-perumthenaruvi-1.6055334


Comments

Popular posts from this blog

Angamoozhy Bowl Boat Ride

Ship Visit experience Bahrain