Dubai Yathra











ജോർജിയ സന്ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ ദുബായിൽ രാത്രി ഇറങ്ങി ബന്ധുക്കളോടൊപ്പം കുറച്ചു കാഴ്ചകൾ കാണാൻ അവസരം കിട്ടുന്നതിൽ തെല്ലു സന്തോഷത്തോടെ ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കൂട്ടികൊണ്ടുവരുവാൻ എത്തിയ പ്രിയപ്പെട്ടവർ  വന്ന വണ്ടിയിൽ കയറി. പിറ്റേ ദിവസം വൈകിട്ട് തിരിച്ചു ബഹ്റൈനിലേക്കു ടിക്കറ്റ് നേരത്തെ എടുത്തുവച്ചതിനാൽ നേരെ റൂമിൽ പോയി സമയം കളയാൻ മിനക്കെടാതെ വന്നപാടെ  ദുബായ് നഗരത്തിലെ  തിരക്കേറിയ രാത്രി സഞ്ചാരത്തിന് എരിയും പുളിയും ചേർക്കാൻ എന്തെങ്കിലും കഴിച്ചു ക്ഷീണം തീർക്കാൻ  ഒടുവിൽ തീരുമാനമായി . ആലോചനകൾ പലതു കഴിഞ്ഞു ഒടുവിൽ ആദാമിന്റെ ചായക്കടയിൽ ഉള്ളിൽ കയറിപ്പറ്റാൻ തിരക്കു മൂലം പാടുപെട്ടപ്പോൾ കാലിയായ മേശ നോക്കി ചുറ്റി തിരിഞ്ഞു അവസാനം പുറത്തു റോഡുവക്കിൽ തട്ടുകട മാതൃകയിൽ  കിട്ടിയ സ്ഥലത്തു ഞങ്ങൾ ഇരിപ്പുറപ്പിച്ചു.




ഇരുന്നപാടെ പുറത്തെ ഇളം തണുപ്പകറ്റാൻ മൺകുടത്തിൽ പതഞ്ഞു പൊന്തി വരുന്ന മസാല ചായ ആദ്യമേ എടുക്കാൻ പറഞ്ഞു. കൺമുൻപിൽ തയ്യാറാക്കുന്നതും നല്ല ചൂട് മൺപാത്രത്തിൽ പകർന്നു നൽകുമ്പോൾ പാത്രം കവിഞ്ഞു മറിയുന്നത് കൗതുകത്തോടെ കണ്ടിരുന്നു .ഏതായാലും രാത്രികറക്കത്തിന് മുൻപ് വിശപ്പു മാറ്റാൻ വേണ്ടത് കൂടി മുൻകൂട്ടി പറഞ്ഞുവെച്ചു .  മസാല ചായ കുടിക്കുമ്പോൾ കിട്ടുന്ന രുചി വീണ്ടും ഒരു നീണ്ട കാത്തിരിപ്പു കഴിഞ്ഞാലേ ബാക്കി പറഞ്ഞ ഭക്ഷണരുചികൾ  മേശയിൽ എത്തുകയുള്ളൂ എന്ന തിരിച്ചറിവ് ചായ പറഞ്ഞു കഴിഞ്ഞു ഞങ്ങളുടെ കൈകളിൽ എത്തിയപ്പോൾ മനസിലായി.







ഞങ്ങൾ എത്തിയത് വ്യാഴാഴ്ച രാത്രിയായതിനാൽ പതിവിൽക്കവിഞ്ഞ തിരക്ക് അകത്തും പുറത്തും ചുറ്റുവട്ടത്തും ഉള്ളത് കാത്തിരുന്ന് ചായകുടിച്ചപ്പോൾ തന്നെ ബോധ്യമായി . ആഴ്ചയവസാനം കുടുംബമായി പുറത്തെ  രുചി തേടി എത്തുന്നവർ കൂടി എത്തുമ്പോൾ ഉണ്ടാകുന്ന കൂട്ടപ്പൊരിച്ചിൽ അടുപ്പിലും അകത്തും അടുക്കളയിലും ഒരുപോലെ ദൃശ്യമായിരുന്നു. ഞങ്ങൾ ഇരുന്ന മേശയുടെ നീളത്തിൽ നീണ്ടു നിവർന്നു ഫാമിലി പൊറോട്ട എത്തിയപ്പോൾ തെല്ലു വിസ്മയത്തോടെ പുറത്തു മേശ കാലിയാകുന്നത് നോക്കി നിന്നവരും ഒന്ന് കണ്ണോടിച്ചു. അതിന്റെ കൂടെ വാഴയിലയിൽ പൊള്ളിച്ച ഒരു മീൻ മുഴുവനായി മസാലയിൽ പൊതിഞ്ഞു എത്തിയപ്പോൾ വീണ്ടും അവിടെ പരന്ന മസാലക്കൂട്ടിന്റെ മണം ഞങ്ങളെ ആവേശം കൊള്ളിച്ചു. ഒപ്പം പലനിറത്തിലുള്ള പൊറോട്ട ഒരു വ്യത്യസ്ഥത ആയി അനുഭവപെട്ടു.  നീളമേറിയ പെറോട്ടയുടെ ഓരോ കോണിലും മൽപ്പിടുത്തം നടത്തി വയറു നിറയെ മതിയാവോളം കഴിച്ചു മനസും നിറച്ചു.  




സമയമെടുത്ത് രുചി പെരുമ ആസ്വദിച്ച് ഭക്ഷണ വൈവിധ്യം നേരിൽകണ്ട് ബന്ധുക്കളോടൊപ്പം സല്ലപിച്ചു രാത്രി വൈകി അവിടെ നിന്ന് കിട്ടിയ ഊർജം സംഭരിച്ചു ദുബായ് മാൾ തൊട്ടു നിൽക്കുന്ന ബുർജ് ഖലീഫ പരിസരം കാണാൻ പുറപ്പെട്ടു.

 

പാതിരാത്രി വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ദുബായ് മാൾ ചുറ്റിലും വർണ വിസ്മയങ്ങൾ തീർക്കുന്ന കാഴ്ചകൾ ഓരോന്നായി നടന്നും ഏന്തി വലിഞ്ഞും മുടന്തി നീങ്ങിയും പരമാവധി ഓടി തീർത്തു കണ്ടു.  കാഴ്ചകൾ കണ്ടു  പാതിരാത്രിയും പിന്നിട്ടു സംഭരിച്ചു വെച്ച ഊർജം തീർന്നു തുടങ്ങി എന്ന് പരസ്പരം മനസിലായപ്പോൾ ബാക്കി  അടുത്ത ദിവസം തുടരാം എന്ന ധാരണയിൽ എത്താൻ ഒട്ടും വൈകിയില്ല.

 പതുക്കെ നടത്തത്തിൽ തളർച്ച തോന്നി തുടങ്ങിയപ്പോൾ തിരികെ റൂമിൽ എത്തിയാൽ മതി എന്ന ഒറ്റ ചിന്തയിൽ എല്ലാരും എത്തി . ഞങ്ങളുടെ ഭാഗ്യത്തിന് അവധിക്കു നാട്ടിൽ പോയ ഒരു കുടുംബം കാലിയാക്കിയ ഒരു ഫ്ലാറ്റിൽ അന്ന് തങ്ങാൻ വഴിയൊരുങ്ങിയത് കാര്യങ്ങൾ എളുപ്പമായി. രാത്രി കാഴ്ചകൾ കണ്ടു തിരികെ റൂമിൽ എത്തിയപ്പോൾ വെളുപ്പിന് മണി നാലായി.  നടന്നു കണ്ട ക്ഷീണം തീർക്കാൻ കിടന്നപ്പോൾ അഞ്ചു മണി കഴിഞ്ഞു.

ഉറങ്ങി എന്ന വരുത്തി തീർത്തു രാവിലെ എട്ട് മണിയായപ്പോൾ എങ്ങനെയോ എഴുന്നേറ്റു. വൈകിട്ട് തിരിച്ചു ബഹ്റൈനിലേക്കു ടിക്കറ്റ് ഉള്ളതുകൊണ്ട് ഉച്ചകഴിഞ്ഞു എയർപോർട്ടിൽ എത്തേണ്ടതുകൊണ്ടും  ഒരുവിധം ഒരുങ്ങി പകൽ കാഴ്ചകൾ കാണാൻ ഇറങ്ങി . നേരെ എത്തിയത് ദുബായ്  വഴി  യാത്ര ചെയുന്ന കപ്പലുകൾ നങ്കുരമിട്ടിരിക്കുന്ന സ്ഥലത്താണ് . അവിടെ എത്തിയപ്പോൾ രാവിലെ എന്തെങ്കിലും വിശപ്പിനു   അകത്താക്കിയില്ലേൽ വയറ് കാളും എന്ന് മനസ് മന്ത്രിച്ചപ്പോൾ അവിടെ കണ്ട ഒരു റെസ്റ്റോറന്റിൽ കയറി പൊറോട്ട ചിക്കൻ റോൾ കഴിച്ചു വിശപ്പടക്കി





അതിനു ശേഷം ഞങ്ങൾ ക്യൂൻ എലിസബത്ത് രണ്ട് എന്ന കപ്പലിൽ സന്ദർശിക്കാൻ അവസരം കിട്ടി. ആഡംബരങ്ങളോടെ വർഷങ്ങൾ നീണ്ട കപ്പൽ അതിന്റെ  യാത്ര സർവീസ് അവസാനിപ്പിച്ചു ദുബായി മറീനയിൽ വൈവിധ്യമാർന്ന രുചികൾ അത്യാകർഷകമായ രീതിയിൽ വിനോദ സഞ്ചാരികൾക്കായി പുനരവതരിപ്പിച്ചു. ഇപ്പോൾ ദുബായ് മറീനയിൽ എത്തുന്നവരെ കൗതുകത്തോടെ എതിരേൽക്കാനും കടൽകാറ്റേറ്റു വിശ്രമിക്കാൻ പറ്റിയ ഇടമായി ക്യൂൻ എലിസബത്ത് രണ്ട് മാറി.പലതരം  ഭക്ഷണങ്ങൾ പാകം ചെയ്തു വിളമ്പുന്ന ഒരിടമായി നിരവധി റസ്റ്റോറന്റുകൾ സമയാസമയങ്ങൾക്കനുസരിച്ചു  കപ്പലിൽ  ഒരുക്കുന്ന വിവിധ ഭക്ഷണ സാധനങ്ങൾ രുചിക്കാനും സഞ്ചാരികൾക്കായി  വാതിൽ തുറന്നിട്ടിരിക്കുന്നു. യാത്ര ചെയ്യാൻ സാധിക്കാത്തവർക് കപ്പലിൽ വച്ച് ഒരു നേരം ഇഷ്ട്ട ഭക്ഷണം കഴിക്കണമെന്നുള്ളവർ നേരെ മറീനയിൽ ക്യൂൻ എലിസബത്ത് രണ്ടിൽ എത്തിയാൽ അതിനുള്ള അസുലഭ അവസരം ലഭിക്കും. കപ്പലിൽ  ഇരുന്നു ഭക്ഷണം കഴിക്കണമെന്നു ആഗ്രഹിക്കുന്നവർക് നല്ല ഒരു ഇടമായി ചുരുങ്ങിയ കാലം കൊണ്ട് ക്യൂൻ എലിസബത്ത് രണ്ട് പുനഃക്രമീകരണം ചെയ്തിട്ടുള്ളത് നേരിട്ട് വന്നു ഒന്ന് പരീക്ഷിക്കേണ്ടതാണ്.






കപ്പലിലെ ഓരോ നിലയും ഒന്നൊന്നൊന്നായി കയറി കപ്പലിന്റെ അകവും പുറത്തെകാഴ്ചകളും ചുറ്റി നടന്ന് മതിവരുവോളം കണ്ടു  ഫോട്ടോയും എടുത്തു .  നടന്നു നടന്നു കാല് മടുത്തു തുടങ്ങിയപ്പോൾ കപ്പലിനോട് വിടപറഞ്ഞു എയർപോർട്ടിൽ പോകാൻ സമയമായി.  ഉച്ചവരെ കപ്പലിൽ ചെലവഴിച്ചു വിശാലമായ കപ്പലുകൾ നിർത്തിയിടുന്ന സ്ഥലത്തെ കാഴ്ചകൾ കണ്ടു ഫ്ലൈ ദുബായ് ചെക് ഇൻ സമയമായപ്പോൾ കപ്പലിൽ നിന്ന് എയർപോർട്ട് എത്താൻ ഞങ്ങൾ ദുബായ് മറീനയിൽ നിന്ന് വണ്ടി തിരിച്ചു . ഇനി വരുമ്പോൾ കപ്പലിൽ കയറി സമയമെടുത്ത് ഭക്ഷണ രുചികൾ ആസ്വദിക്കാം എന്ന്  മനസിൽ കോറിയിട്ടു.

എയർപോർട്ടിൽ എത്തിച്ച ഉറ്റ ബന്ധുക്കളോട് മനസില്ലാമനസോടെ യാത്ര പറഞ്ഞും പറയാതെയും പിരിയുന്ന വിഷമം കാരണം തിരിഞ്ഞു ഒന്ന് അവരെ  വീണ്ടും നോക്കാൻ ശേഷിയില്ലാതെ നടന്നകന്നു.  ട്രാൻസിറ്റ് വിസ ആയതിനാൽ എയർലൈൻ വരി നില്കാതെ  നേരെ എമിഗ്രേഷൻ കൗണ്ടർ വച്ചുപിടിച്ചു . എയർപോർട് ലോഞ്ചിൽ കയറി ഉച്ചഭക്ഷണം തെരഞ്ഞെടുത്തപ്പോൾ രാവിലത്തെ കുറവ് കൂടി നികത്തി പുറത്തു ഇറങ്ങിയപ്പോൾ ഫ്ലൈ ദുബായ് ബോർഡിങ് ആരംഭിച്ചിരുന്നു.  ജോർജിയ പോയി വരുന്ന വഴി  ദുബായിൽ  ഇറങ്ങി ഒരു രാത്രിയും പകലും പരമാവധി ഓടിപിടിച്ചു സമയം ചെലവഴിച്ചു മതി വരാതെ  തിരിച്ചു ബഹ്റൈനിലേക്കു ഒരു ഓട്ടപ്രദിക്ഷണം കൂടി  അവസാനിച്ചു.

 

 

 

 

 

 

 


Comments

Popular posts from this blog

Angamoozhy Bowl Boat Ride

Ship Visit experience Bahrain