Kumarakom Yathra




അവധിക്കു നാട്ടിലെത്തിയ അളിയന്മാർ കുടുംബ സമ്മേതം ഒന്നിച്ചു ഒരു പകൽ ചിലവഴിക്കാൻ ആലോചിച്ചു. പിന്നെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും പഴുത്ത ഏത്തക്ക പൊരിച്ചതും ഓർത്തപ്പോൾ  കുമരകം  ഹൗസ്സ് ബോട്ട് യാത്ര  തന്നെ മനസ്സിൽ ഉറപ്പിച്ചു



അങ്ങനെ രാവിലെ റാന്നിയിൽ നിന്നും സുഹൃത്തിന്റെ വണ്ടിയിൽ കയറി നേരെ കെട്ടു വള്ളങ്ങളുടെ പ്രധാന കേന്ദ്രമായ   കുമരകം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു .


കുമരകം അടുക്കുംതോറും പലതരത്തിലുള്ള വള്ളങ്ങൾ ബോട്ട് ജെട്ടികൾ , ചെറു പാലങ്ങൾ , കള്ളു ഷാപ്പുകൾ , അവിടവിടെയായി കണ്ടു . കുമരകത്തും നിന്നും ചേർത്തലക്കു പോകുന്ന  മെയിൻ റോഡിൽ ചീപ്പുങ്കൽ  പാലത്തിനടുത്തു ഞങ്ങളെ കാത്തു നേരത്തെ  ബുക്ക് ചെയ്ത ഹൗസ്സ് ബോട്ട് ഉടമ നില്പുണ്ടായിരുന്നു . അവിടെ നിന്നും അദ്ദേഹത്തിന്റെ ബൈക്കിനു പുറകെ ഒരുവശത്തു കെട്ടു വള്ളങ്ങൾ വരി വരിയായി നിർത്തിയിട്ടിരിക്കുന്ന  ഇടവഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു .


ഞങ്ങൾക്ക് പറഞ്ഞു വച്ച കെട്ടു വള്ളം കിടക്കുന്ന സ്ഥലത്തു  എത്തി വന്ന വണ്ടി പാർക്ക് ചെയ്തുഹൗസ്സ് ബോട്ട് ഉടമ ഞങ്ങളെ യാത്രക്കുള്ള ബോട്ട് ചൂണ്ടികാണിച്ചു തന്നിട്ട് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു  വന്ന വഴിയേ തിരിച്ചു  സ്കൂട്ടർ ഓടിച്ചു പോയി . ഞൊടിയിടയിൽ  ഉച്ചക്ക് ഊണിനു തയാറാക്കാനുള്ള കരിമീൻ മേടിച്ചു ബോട്ടിൽ എത്തിച്ചു ഞങ്ങളെ കൈവീശി കാണിച്ചു യാത്രയാക്കി.
 
  വരുന്ന വഴി കോട്ടയത്ത് നിന്നു കുമരകത്തെക്കുള്ള റൂട്ടിൽ കണ്ട കിളിക്കൂട്   കള്ളു ഷാപ്പിൽ നിന്ന് മേടിച്ച പ്രഭാത  ഭക്ഷണം മറക്കാതെ എടുത്തു ഹൗസ്സ് ബോട്ടിൽ കയറ്റി ചെറു ചാറ്റൽ മഴയുടെ താളത്തിൽ ഓളപ്പരപ്പിലൂടെയുള്ള വഞ്ചി   യാത്ര തുടങ്ങി . രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ടും ബോട്ടിൽ ഉച്ചക്ക് മാത്രമേ ഭക്ഷണവും കിട്ടൂ എന്നുള്ളത് കൊണ്ടും വിശപ്പു മാറ്റാൻ കള്ളു ഷാപ്പിൽ നിന്നും കിട്ടിയ ലഖു ഭക്ഷണം ബോട്ടിൽ കയറിയ പാടെ  പാർസൽ തുറന്നു നിമിഷ നേരം കൊണ്ട്  കാലിയാക്കി.  കെട്ടു വള്ളം ചെറു വഴികൾ താണ്ടി നോക്കെത്താ ദൂരത്തോളം വെള്ളത്താൽ ചുറ്റപ്പെട്ട ചുറ്റിലും  വെള്ളവും വള്ളവും മാത്രം നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശം ഓരോന്നായി പിന്നിട്ടു .


പാതിരാമണൽ പക്ഷി സങ്കേതം അടുത്ത് കണ്ടശേഷം ഉച്ചയോടെ ഭക്ഷണം കഴിക്കാൻ ബോട്ട് കായൽ തീരത്തോട് അടുപ്പിച്ചു. തനി നാടൻ ഊണ് വീട്ടിൽ കിട്ടുന്ന അതെ രുചിയിൽ കരി മീൻ പൊള്ളിച്ചത് കൂട്ടി ഞങ്ങൾ എല്ലാവരും കഴിച്ചു. മേമ്പൊടിക്ക് അല്പം പനംകുലയിൽ നിന്ന് അപ്പോൾ വെട്ടി ഇറക്കി കിട്ടിയ മധുര  കള്ളു കഴിച്ച ഊണ് ദഹിക്കാൻ മാത്രം  ഒന്ന് രുചിച്ചു നോക്കി. വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിഞ്ഞു വീണ്ടും യാത്ര തുടർന്ന് തണ്ണീർമുക്കം ബണ്ട് കണ്ടു തിരികെ ഞങ്ങൾ ബോട്ടിൽ കയറിയ സ്ഥലത്തേക്കു മടങ്ങുമ്പോൾ തുടക്കം മുതൽ ഞങ്ങളോടൊപ്പം അതിഥിയായി  മഴയും ആദ്യാവസാനം കൂട്ടിനുണ്ടായിരുന്നു

. നീണ്ടു നിവർന്നു കിടക്കുന്ന വിസ്തൃതമായ കായൽ പരപ്പിൽ കുഞ്ഞോളങ്ങളെ കീറിമുറിച്ചു ചാറ്റൽ മഴയുടെ സൗന്ദര്യം തുടക്കം മുതൽ  അകമ്പടി ലഭിച്ചത് രാവിലെ തുടങ്ങിയ   ദീർഘമായ വഞ്ചിയാത്രയിലെ പതിവ് വിരസത ഒഴിവായി കിട്ടി. പകൽ മുഴുവൻ ഹൗസ് ബോട്ടിൽ യാത്ര ചെയ്തു കഴിഞ്ഞപ്പോൾ വഞ്ചി വീട്ടിൽ ഒരു രാത്രി തങ്ങാൻ ഉള്ള ആഗ്രഹം അടുത്ത അവസരത്തിൽ ആകാം എന്ന് തീരുമാനിച്ചു


 കുമരകം ചേർത്തല റോഡിൽ ബസ് പോകുമോൾ ഞങ്ങൾ അതെ റൂട്ടിൽ തിരികെ ഹൗസ് ബോട്ടിൽ യാത്ര ചെയ്തു രസം കൊല്ലിയായ മഴ കാഴ്ച കണ്ടു സമയം കടന്നു പോയത് അറിഞ്ഞതേയില്ല . വഴി വക്കിൽ നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും കായൽ വിഭവങ്ങൾ നിറഞ്ഞ ഭക്ഷണ ശാലകളും ഒക്കെ മിന്നൽ വേഗത്തിൽ കായലിനു ഇരുവശത്തും മിന്നി മറഞ്ഞു കടന്നു  പോയി. മഴ തിമിർത്തു പെയ്ത മടക്ക യാത്രയിൽ കിട്ടിയ ചൂടു ഏത്തക്ക പൊരിച്ചതും പാൽ ചായയും തണുപ്പ് അരിച്ചിറങ്ങുന്ന വഞ്ചിയാത്രയിൽ ഞങ്ങളുടെ വയറും മനസും നിറച്ചു. കായലിലെ ബോട്ട് യാത്രയും ഉച്ച ഭക്ഷണവും നാലുമണി ചായയും കടിയും ഒക്കെ ലഭിച്ച സംതൃപ്തിയിൽ  വീണ്ടും വരുമ്പോൾ വഞ്ചി വീട്ടിൽ താമസിക്കാൻ കഴിയാഞ്ഞതിന്റെ കുറവ് പരിഹരിക്കാം എന്ന് മനസിനെ പറഞ്ഞു  സമാധാനിപ്പിച്ചു.


ബോട്ടിൽ രാവിലെ കയറിയ അതെ സ്ഥലത്തു തിരിച്ചു എത്തിയപ്പോൾ ഒരു പകൽ അസ്തമിക്കാൻ തിടുക്കം കൂട്ടിയ പോലെ സമയം പോയതറിഞ്ഞില്ലഡ്രൈവർ നിശബ്ദനായി ബോട്ട് ഓടിക്കുന്ന കാര്യത്തിൽ ശ്രദ്ധ ഊന്നി  എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയുമെന്നത് ഒഴിച്ച് നിർത്തിയാൽ  ജീവനക്കാരുടെ  പെരുമാറ്റം ഹൃദ്യമായിരുന്നു


യാത്രയിലുടനീളം കായലിൽ നിന്ന് പിടിച്ച മീനുകൾ, കൊഞ്ചുകൾ ,കല്ലുമ്മേക്കാ എന്നിവ വിൽക്കുന്ന സ്ഥലങ്ങൾ കാണുവാൻ സാധിച്ചു .പ്രദേശവാസികൾ  വല വീശിയും ചൂണ്ട ഇട്ടും മീൻ പിടിക്കുന്നത്   മിക്കയിടങ്ങളിലും  സ്ഥിരം കാഴ്ചയാണ് .  പിടക്കുന്ന കൊഞ്ചും മീനും വാങ്ങാൻ ആളുകളുടെ തിരക്കു വഴിയോരത്തു   എവിടെയും കാണാം .




കുമരകത്തിന്റെ തനതായ ഉൾനാടൻ  ഗ്രാമീണഭംഗി ആവോളം ആസ്വദിച്ച് മനസ് നിറച്ചു യാത്രകളിലെ വേറിട്ട  കാഴ്ചകൾ  പകർന്നു തന്ന കായലും കരയും ഒരുമിച്ചു സമ്മാനിച്ച നല്ല നിമിഷങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായ് അനുഭവപെട്ടു .

ചീപ്പുങ്കൽ പോലുള്ള ഉയരം കുറഞ്ഞ പാലങ്ങൾ ഉയർത്താൻ കഴിഞ്ഞാൽ വഞ്ചിവീടുകളിൽ തടസങ്ങളില്ലാതെ സഞ്ചരിക്കാൻ  ഇടവഴികൾ തേടി സഞ്ചാരികൾ ഉൾപ്രദേശങ്ങൾ കൂടുതലായി തെരഞ്ഞെടുക്കും. കുമരകത്ത് വന്നപ്പോൾ  വിശാലമായ വഴികളേക്കാൾ പ്രിയം ഗ്രാമീണ ദൈനംദിന ജീവിത തുടിപ്പുകൾ കാണാൻ ഇടവഴികൾ എന്ന് അനുഭവത്തിൽ മനസിലായി. ഒരു ദിവസം രാവിലെ എത്തി  ബോട്ടിംഗ് കഴിഞ്ഞു പകൽ  കുറച്ചു നേരം കൂടി സമയം ചെലവഴിക്കാൻ പറ്റിയ വിനോദങ്ങൾ ഭാവിയിൽ കുമരകം റൂട്ടിൽ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ തിരിച്ചു പോയത്.

ഉയരം കുറഞ്ഞ പാലങ്ങളും ആഴം കുറഞ്ഞ കനാലുകളും വികസിപ്പിച്ചു  ഇനി വരുമ്പോൾ  ഉൾനാടുകളിലേക്കു ഉൾകാഴ്ച കാണാനും ഇടുങ്ങിയ വഴികളിൽ സുഗമമായി സഞ്ചരിക്കാൻ കഴിയും എന്ന സ്വപ്നം പരസ്പരം പങ്കുവെച്ചു.


വഞ്ചി യാത്ര കഴിഞ്ഞു വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ മണിമലയിൽ എത്തിയപ്പോൾ  പല തരത്തിലുള്ള ഉണക്കമീൻ വിൽക്കുന്നതും  വാങ്ങാൻ കഴിഞ്ഞതും പ്രവാസികളായ ഞങ്ങൾക്ക് പുതിയ അനുഭവം സമ്മാനിച്ചു. വീണ്ടും ഒത്തുചേരുമ്പോൾ അടുത്ത യാത്രക്കുള്ള ആലോചനകളിൽ മുഴുകി എല്ലാവരും പല വഴിയായി .


സുനിൽ തോമസ് റാന്നി







Comments

Popular posts from this blog

Angamoozhy Bowl Boat Ride

Ship Visit experience Bahrain