Gavi Yathra




ബഹറിനിൽ നിന്ന് പല തവണ നാട്ടിൽ അവധിക്കു വന്നപ്പോൾ പ്ലാൻ ചെയ്തു നടക്കാതെ പോയ ഗവിയിലേക്കുള്ള യാത്ര ഒടുവിൽ രണ്ടും കല്പിച്ചു കെ എസ്ആർ ടി സി ബസിൽ കയറി പറ്റി . വീട്ടിൽ നിന്നും കട്ടൻ കുടിച്ചു രാവിലെ ആറു മണിക്ക് ബൈക്കിൽ പുറപ്പെട്ട ഞങ്ങൾ കുമ്പളാംപൊയിക ബസ് സ്റ്റോപ്പിൽ എത്തി  ബൈക്ക് സുരക്ഷിതമായി ഒതുക്കി വച്ച് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങുന്ന ഗവി വഴി കുമളിക്കുള്ള  ബസിൽ യാത്ര ആരംഭിച്ചു .
ബസിൽ സീറ്റുകൾ കാലി ഇല്ലാതെ നിന്ന് യാത്ര തുടങ്ങി വടശേരിക്കര പിന്നിട്ടു സീതത്തോട്ടിൽ എത്തിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടി. അവിടെ നിന്ന് മുന്നോട്ടു പോയി  എട്ടു മണിയോടടുത്തു ആങ്ങമൂഴി പാലത്തിനടുത്തെത്തിയപ്പോൾ ബസ് നിർത്തി ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി..ഇനിയും ഉള്ള യാത്രയിൽ ഒന്നും കഴിക്കാൻ കിട്ടാൻ സാധ്യത ഇല്ലെന്നു കണ്ടക്ടർ പറഞ്ഞപ്പോൾ ഞങ്ങളും അവിടെ ഇറങ്ങി പ്രഭാത ഭക്ഷണം  കഴിച്ചു . അവിടെ നിന്ന് എന്തെങ്കിലും കുടിക്കാനും കഴിക്കാനും പാർസൽ മേടിച്ചാൽ കൊച്ചു പമ്പയിൽ എത്തുന്നതു വരെ പിടിച്ചു നിൽക്കാം.


ആങ്ങമൂഴിയിൽ പ്രഭാത ഭക്ഷണത്തിനു  നിർത്തിയിടുന്ന ബസ്സിൽ  എത്തുന്നവരെ പ്രതീക്ഷിച്ചു ഹോട്ടലിൽ ചൂടോടെ   തയാറാക്കി വച്ച ഇടി അപ്പവും കടലക്കറിയും കഴിച്ചു വീണ്ടും യാത്ര തുടർന്ന് വനത്തിനു നടുവിലൂടെ ഉള്ള  മൂഴിയാർ പാതയിൽ കണ്ണിനും മനസിനും  പുതുമ നൽകുന്ന ഗവിയിലേക്കുള്ള തുടക്കമായി എന്ന് ഓർമപ്പെടുത്തുന്ന തീർത്തും  വിജനമായ  കാട്ടുപാതയിലെ വശങ്ങളിൽ മിക്കയിടങ്ങളിലും ഈറ്റക്കാടുകൾ വഴിയിലേക്കു എത്തി  നോക്കുന്ന കാഴ്ചകളുടെ വന്യ സൗന്ദര്യം പകർന്നു നൽകുന്നത് നവ്യാനുഭവമാണ്.
എതിരെ വാഹന തിരക്കുകൾ ഒന്നും ഇല്ലാതെ കാടിന്റെ നിശബ്ദതയെ പുണർന്നു  സ്വച്ഛ സുന്ദരമായ പ്രകൃതി അണിയിച്ചൊരുക്കുന്ന മഴയും വെയിലും മൂടലും കോടയും മഞ്ഞും തണുപ്പും ഇളം ചൂടും നിമിഷം കൊണ്ട് മാറി  മറിയുന്ന കാലാവസ്ഥ ഇതുവരെ കണ്ടിട്ടില്ലാത്ത യാത്ര അനുഭൂതി സമ്മാനിച്ച് പറഞ്ഞറിയിക്കാനാവാത്ത പ്രതീതി ആണ് മനസ്സിൽ സൃഷ്ട്ടിക്കുന്നത്.


ഗവിയിലെത്തിയിട്ടു കാഴ്ച കാണാം എന്ന് വെക്കാതെ വഴി നീളെ മിന്നി മറയുന്ന കാഴ്ചകളുടെ ഘോഷയാത്ര മതി വരുവോളം കണ്ടു കൊച്ചു പമ്പ പിന്നിട്ടു അവസാനം  ഗവിയിലെത്തുമ്പോൾ പച്ചപ്പിൽ പുതച്ച  കാഴ്ചകളുടെ പൂരത്തിന് കൊടിയിറക്കത്തിന്റെ  പൂർണത കൈവരും .  
ഉച്ചവെയിൽ അങ്ങിങ്ങായി കണ്ടു തുടങ്ങി  പതിനൊന്നു മണിയോടെ  ഗവി ബസ് സ്റ്റോപ്പിൽ എത്തി  വണ്ടിയിൽ നിന്നിറങ്ങി . 
നീണ്ട യാത്ര ചെയ്തു വന്ന ഷീണം മാറ്റാൻ  ഒരു കപ്പ്  ചായക്കോ ഒരു കുപ്പി വെള്ളത്തിനോ തിരഞ്ഞപ്പോൾ   മനസിലായി ഗവിയിൽ നിന്നു വണ്ടിപ്പെരിയാർ എത്തിയാൽ  മാത്രമേ എന്തെങ്കിലും കിട്ടു എന്ന്. അല്ലെങ്കിൽ കൊച്ചു പമ്പ കാന്റീൻ വരെ വന്ന വഴി  തിരിച്ചു പോകണം . അവിടെ കുറെ നേരം കറങ്ങി നടന്നു കെ എഫ് ഡി സി നടത്തുന്ന ഹോട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്തു വരാത്തവർക്ക് താമസത്തിനോ ഭക്ഷണത്തിനോ സൗകര്യം ഇല്ലാത്തതിനാൽ സ്വീകരണ മുറിയിൽ അൽപ നേരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു വിശ്രമിച്ചു . സഞ്ചാരികളുമായി  എത്തിയ ജീപ്പുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു എത്തി ആളനക്കമുള്ള ജീപ്പിൽ തിരക്കിയപ്പോൾ കൊച്ചു പമ്പ വരെ പോയാൽ മാത്രമേ  ഉച്ച ഭക്ഷണം കിട്ടു എന്ന് മനസിലായി.. 
തിരികെയുള്ള ബസ് ഉച്ച കഴിഞ്ഞേ ഗവിയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ നടന്നു ഗവിയുടെ ചുറ്റിനും കണ്ടു തീർത്തു .


വിശപ്പിന്റെ വിളി വീണതിനാൽ അവിടെ നിന്നും ഒരു വിധത്തിൽ അഞ്ചൂറ് രൂപക്ക് പറഞ്ഞോറപ്പിച്ചു വരാൻ തയാറായ ജീപ്പിൽ കയറി കൊച്ചു പമ്പയിലേക്ക് എന്തെങ്കിലും കിട്ടിയാൽ മതി എന്ന പ്രതീക്ഷയിൽ വിട്ടു.
സഞ്ചാരികളുമായി എത്തുന്ന ജീപ്പ് ഡ്രൈവർമാർക്കും ഭക്ഷണത്തിനു ഗവിയിൽ  ഒരു മാർഗമില്ലാതെ ഇരിക്കുമ്പോൾ വീണു കിട്ടിയ അവസരം എല്ലാവരും  ഒരു പോലെ പ്രയോജനപ്പെടുത്തി വണ്ടി നേരെ കൊച്ചു പമ്പ ക്യാന്റീനിലേക്കു തിരിച്ചു. ബസിലെയും ജീപ്പിലെയും കാട്ടിലൂടെയുള്ള  യാത്ര വ്യത്യസ്ഥമായ അനുഭവമാണ് നൽകുന്നത് . പോയ വഴിയിൽ ആനപ്പിണ്ടം കണ്ടപ്പോൾ ഞങ്ങൾ അല്പം ആകാംഷയോടെ ചുറ്റിലും  ആനയുടെ സാമീപ്യം ഉണ്ടോയെന്ന് ശ്രദ്ധയോടെ നോക്കിയിരുന്നു .


ഗവിയിൽ നിന്നു എല്ലാവരും അങ്ങനെ കൊച്ചുപമ്പയിൽ എത്തി കാന്റീൻ മുറ്റത്തു ഒരുക്കിയിരിക്കുന്ന കസേരയിൽ ഇരുന്നു അവിടുത്തെ വിശേഷങ്ങൾ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. അന്നത്തെ ദിവസം ഉച്ചയായിട്ടും ഞങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു . ഭക്ഷണത്തിനു വേഗം തയാറാക്കാൻ എളുപ്പമുള്ള ചപ്പാത്തിയും മുട്ട കറിയും ഓർഡർ കൊടുത്തതിനു ശേഷമേ ഉണ്ടാക്കാൻ തുടങ്ങുകയുള്ളു എന്നതിനാൽ മുൻപിൽ കണ്ട ജലാശയത്തിൽ താഴേക്കുള്ള കൽപ്പടവുകൾ ഇറങ്ങി. ബോട്ടിംഗ് പോയിന്റിൽ  എത്തിയപ്പോൾ ആദ്യത്തെ ബോട്ട് സവാരിക്ക് ആളെ കിട്ടിയ സന്തോഷത്തിലായിരുന്നു തുഴച്ചിൽകാരൻ.  അതുകൊണ്ടു തന്നെ അരമണിക്കൂർ തുഴ ബോട്ടിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത ഞങ്ങളെ ആരുമില്ലാത്തതിനാൽ കുറെ ദൂരം കൊണ്ട്  പോയി . കാടിനു നടുവിലുള്ള ജലാശയത്തിൽ പല വന്യ  മൃഗങ്ങളെയും ഭാഗ്യമുണ്ടേൽ കാണാം എന്ന് തുഴക്കാരൻ പറഞ്ഞു   മോഹിപ്പിച്ചു . കുറെ ദൂരം പിന്നിട്ടപ്പോൾ ആരുടെയോ ഭാഗ്യത്തിന്   ആനക്കൂട്ടങ്ങളെ കൂട്ടമായി  കാണാൻ സാധിച്ചു .
ഏതായാലും ഗവിയിൽ വന്നു ആനെ കാണാൻ പറ്റിയ സന്തോഷത്തിൽ തിരികെ ബോട്ട് ജെട്ടിയിലേക്കു മടങ്ങി.മുകളിൽ ഉള്ള ക്യാന്റീനിൽ എത്തിയപ്പോൾ അപ്പോൾ തയാറാക്കിയ ചപ്പാത്തിയും മുട്ട കറിയും ചൂടോടെ കഴിച്ചു  ആവി പറക്കുന്ന ചായയും കുടിച്ചു കഴിഞ്ഞപ്പോൾ വിശപ്പും ദാഹവും പമ്പ കടന്നു.  
കുമളിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ് കാത്തിരുന്നു സമയം പോയതറിഞ്ഞില്ല  .രണ്ടരയോടെ കൊച്ചു പമ്പ ബസ്റ്റോപ്പിൽ നിന്നും ബസിൽ കയറി അൽപ ദൂരം മുൻപോട്ടു പോയി ഒരു വശത്തു ഒതുക്കി നിർത്തി .. ഡീസൽ മണം കൂടുതലായി അനുഭവപ്പെട്ടതിനാൽ വണ്ടിയിൽ നിന്നും എല്ലാരും  ഇറങ്ങി നോക്കിയപ്പോൾ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ ചോർച്ച ശ്രദ്ധയിൽ പെട്ടു.



കഷ്ടകാലത്തിനു മൊബൈൽ തുള്ളി റേഞ്ച് ഇല്ലാത്ത സ്ഥലത്താണ് വണ്ടി നിർത്തിയിട്ടിരിക്കുന്നത്. കുമളി ഡിപ്പോയിൽ വിവരം അറിയിക്കാൻ അടുത്തുള്ള കുന്നിൻ മുകളിലേക്കു ഡ്രൈവർ നടന്നു കയറി. അവിടെ ഒരുവിധത്തിൽ ലഭിച്ച മൊബൈൽ റേഞ്ച് പോകുന്നതിനു മുൻപ് വണ്ടി കൊടും വനത്തിൽ പണി മുടക്കിയ കാര്യം ധരിപ്പിച്ചു. തിരികെ ഇറങ്ങാൻ നേരം വീണ്ടും കുട്ടി കൊമ്പനാന കൂട്ടം  മൊട്ടകുന്നിൽ വിലസി നടക്കുന്ന കാഴ്ച കണ്ടു നിന്നു.. ഒന്നുകിൽ കുമളിയിൽ നിന്നും വേറെ വണ്ടിയോ നന്നാക്കുന്ന വണ്ടി യോ അല്ലെങ്കിൽ അവസാന ആശ്രയം പത്തനംതിട്ടയിൽ നിന്നും കുമളിക്ക്  ഉച്ചക്ക് പുറപ്പെടുന്ന ബസ് ഇതിൽ  ഏതാണോ ആദ്യം വരുന്നത് അതിൽ കയറി പറ്റുക എന്ന സാധ്യത മാത്രം മുന്നിൽ. ഭാഗ്യത്തിന് കുമളിയിലേക്കുള്ള ബസ് ഞങ്ങൾ  കയറിയ ബസ് പണിമുടക്കുന്നതിനു മുൻപ് എതിരെ കടന്നു പോകാത്തതിന്റെ ആശ്വാസം എല്ലാവരുടെയും  മുഖത്തു അവശേഷിപ്പിച്ചു .
കാത്തിരിപ്പിന് വിരാമം കുറിച്ച് കുമളിക്കുള്ള ബസ് എത്തിയപ്പോൾ എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ ദീർഘ നിശ്വാസം. നനുത്ത കാറ്റു ആഞ്ഞു വീശി തുടങ്ങിയപ്പോൾ ശക്തമായ മഴ അകമ്പടി സേവിച്ചു വീണ്ടും വഴിയിൽ  പണി പറ്റിക്കുമോ എന്ന ആശങ്ക പെയ്തിറങ്ങി. കേടായ ബസിലെ യാത്രക്കാരെ കുമളി ബസിൽ കയറ്റി കണ്ടക്ടറും ഡ്രൈവറും മാത്രം അവിടെ തങ്ങി. കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും ഞങ്ങളുടെ മടക്ക യാത്രയിൽ കൂട്ടിനുണ്ടായിരുന്നു . വണ്ടി ഗവി കാന്റീൻ എത്താറായപ്പോൾ  വഴിയിൽ കൂറ്റൻ മരം റോഡിനു കുറുകെ നിലം പൊത്തി. വീണ്ടും വഴി മുടക്കി അന്തരീഷം ഇരുൾ മൂടികെട്ടുന്ന അവസ്ഥയിൽ നിസഹായരായ ഞങ്ങൾ എന്ത് ചെയണമെന്നറിയാതെ പകച്ചു പോയി . മരം വീണത് ആളനക്കമുള്ള കാന്റീൻ, ക്വാർട്ടേഴ്സ് എന്നിവ  അടുത്തായതിനാൽ  അവിടെ ഉണ്ടായിരുന്നവരും മാറി നിൽക്കാതെ മുന്നിട്ടിറങ്ങി മരച്ചില്ലകൾ വെട്ടി മാറ്റാൻ തുടങ്ങിയപ്പോൾ അവരോടൊപ്പം ബസ് യാത്രക്കാർ എല്ലാവരും ഇറങ്ങി ഒത്തു ചേർന്ന്  മഴയിൽ കുളിച്ചു ഒരു വിധത്തിൽ  ഒരു വണ്ടിക്കു കഷ്ടിച്ച് കടന്നു പോകാൻ  പാകത്തിൽ കാറ്റിൽ വഴിയടഞ്ഞു വീണ മരം മുറിച്ചു  മാറ്റി വഴി ഒരുക്കി .



അങ്ങനെ വീണ്ടും  യാത്ര തുടർന്ന് ഗവി പാലം കടന്നു വണ്ടിപ്പെരിയാർ എത്തി അവസാന സ്റ്റോപ്പ് ആയ കുമളി ബസ് സ്റ്റാൻഡിൽ എത്തി തിരികെ റാന്നിയിലുള്ള വീട്ടിൽ എത്തുവാൻ നേരം ഏറെ  ഇരുട്ടിയതിനാൽ കട്ടപ്പനയിലുള്ള ബന്ധു വീട്ടിൽ  താങ്ങാൻ തീരുമാനിച്ചു. ഒരു പകൽ  മുഴുവൻ നീണ്ട യാത്ര മനസ്സിൽ കുളിരും തീക്കനലും  ഒരുമിച്ചു കോറിയിടുന്ന അപ്രതീക്ഷിത യാത്രാനുഭവം സമ്മാനിച്ചു. പ്രകൃതിയുടെ വികൃതികൾ നിറഞ്ഞ  അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥ സമ്മിശ്രമായി സമ്മേളിച്ച കാഴ്ചകൾ വീണ്ടും ഗവിയിൽ എത്തുമ്പോൾ അവിടെ താമസിച്ചു കൂടുതൽ മനസിലാക്കാം എന്ന പ്രതീക്ഷയോടെ ഞങ്ങളുടെ ഗവി ബസ് യാത്ര അവിസ്മരണീയമായി.


Comments

Popular posts from this blog

Angamoozhy Bowl Boat Ride

Ship Visit experience Bahrain